കേരള മന്ത്രിസഭാ തീരുമാനങ്ങള്‍
Decisions of Kerala Legislative Assembly
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പത്താം ശമ്പളപരിഷ്കരണ കമീഷന്‍റെ ശുപാര്‍ശയനുസരിച്ചാണ് ഈ തീരുമാനം. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാകുന്നതുവരെ നിലവിലുള്ള മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ് തുടരും.
ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍ നിന്ന് ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ നിര്‍ത്തുകയും ഈ തുക ഇന്‍ഷൂറന്‍സ് പ്രീമിയമായി അടയ്ക്കുന്നതുമാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് വരുമ്പോള്‍ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്പയും നിര്‍ത്തലാക്കും.
മെഡിക്കല്‍ റീഇംപേഴ്സ്മെന്‍റ് (70 കോടി രൂപ), പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ അലവന്‍സ് (150 കോടി രൂപ), പലിശരഹിത ചികിത്സാ വായ്പ (10 കോടി) എന്നിവയ്ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ഷം 230 കോടി രൂപ ചെലവാക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുമ്പോള്‍ ഈ ബാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
പദ്ധതി നടപ്പാക്കുന്നതിന് ഐആര്‍ഡിഎ അംഗീകാരമുള്ള ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിയ്ക്കുമ്പോള്‍ നാല് പൊതുമേഖലാ കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചു.
പദ്ധതി നടപ്പായാല്‍ അംഗീകൃത ആശുപത്രികളില്‍ നിന്ന് പണമടയ്ക്കാതെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സ ലഭ്യമാകും. ചികിത്സാചെലവ് സര്‍ക്കാര്‍ മുഖേന ഇന്‍ഷൂറന്‍സ് കമ്പനി ആശുപത്രികള്‍ക്ക് നല്‍കും. ഔട്ട് പേഷ്യന്‍റ് ചികിത്സക്കും ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. നിലവിലുള്ള രോഗങ്ങളും ഇന്‍ഷൂറന്‍സിന്‍റെ പരിധിയില്‍ വരുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
പിഎസ്സിയില്‍ 120 പുതിയ തസ്തിക പിഎസ്സിയില്‍ വിവിധ വിഭാഗങ്ങളിലായി 120 പുതിയ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ആലപ്പുഴ ജില്ലയിലെ അരൂരിലും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലും പുതിയ ഫയര്‍ ആന്‍റ് റെസ്ക്യൂ സ്റ്റേഷനുകളിലേക്ക് 21 വീതം തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ദേവികുളം സബ് കോടതിക്ക് 6 അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചു.
സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷനിലെ ടാപ്പിങ് സൂപ്രവൈസര്‍മാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
ഷീല തോമസ് മെമ്പര്‍ സെക്രട്ടറി അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ഷീല തോമസിനെ ഭരണ പരിഷ്കാര കമീഷന്‍ മെമ്പര്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഷീല തോമസ് തന്നെയാണ് കമീഷന്‍ മെമ്പര്‍ സെക്രട്ടറിയുടെ ചുമതലയും നിര്‍വഹിച്ചിരുന്നത്. അവര്‍ വിരമിച്ച ശേഷം മെമ്പര്‍ സെക്രട്ടറിയായി ആരെയും നിയമിച്ചിരുന്നില്ല.
ആരോഗ്യവകുപ്പിന്‍റെ ചൈല്‍ഡ് ഡവലപ്മെന്‍റ് സെന്‍ററിനെ (തിരുവനന്തപുരം) മികവിന്‍റെ കേന്ദ്രമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. കുട്ടികളുടെ കൗമാരക്കാരുടെയും വളര്‍ച്ച സംബന്ധിച്ച ഗവേഷണം, അധ്യാപനം, പരിശീലനം, ചികിത്സാസൗകര്യങ്ങള്‍, സാമൂഹ്യ സേവനം എന്നീ മേഖലകളിലാണ് മികവിന്‍റെ കേന്ദ്രമായി ഈ സ്ഥാപനത്തെ വികസിപ്പിക്കുന്നത്.
പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് ചെലവായ 104 ലക്ഷം രൂപ (കൊല്ലം-40 ലക്ഷം, തിരുവനന്തപുരം-64 ലക്ഷം) അനുവദിക്കാന്‍ തീരുമാനിച്ചു.
ഇടമലക്കുടിയുടെ വികസനത്തിന് സമഗ്ര പദ്ധതി കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 13ന് ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് പദ്ധതി. ഓരോ വകുപ്പിനും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കും. പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസ് അടിയന്തരമായി ഇടമലക്കുടിയിലേക്ക് മാറ്റും. കഴിയുന്നതും പരമ്പരാഗത സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കണം ഇവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കേണ്ടത്. ഇടമലക്കുടിയില്‍ പുതിയ ഹെല്‍ത്ത് സെന്‍റര്‍ സ്ഥാപിക്കും. നിലവിലുള്ള എല്‍പി സ്കൂള്‍ യുപി ആയി ഉയര്‍ത്തും. പത്താം ക്ലാസ് പാസായ തദ്ദേശവാസികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കും. ശുദ്ധജലം, റോഡ്, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിനും പദ്ധതികളുണ്ട്. എല്ലാ അംഗനവാടി കെട്ടിടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. അംഗനവാടികളില്‍ തദ്ദേശവാസികളായ ആദിവാസികളെ വര്‍ക്കര്‍മാരായി നിയമിക്കും. ലൈഫ് മിഷന്‍റെ ഭാഗമായി ഇടമലക്കുടിയില്‍ സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് ദേവികുളം സബ് കലക്ടറെ സ്പെഷല്‍ ഓഫീസറായി നിയമിക്കാനും തീരുമാനിച്ചു.
കെ വി റാബിയക്ക് ജീവിതോപാധിക്ക് അഞ്ചുലക്ഷം രൂപ
സാക്ഷരതാ പ്രസ്ഥാനത്തിന് ജീവിതം സമര്‍പ്പിച്ച കെ വി റാബിയക്ക് ജീവിതോപാധി എന്ന നിലയില്‍ തിരൂരങ്ങാടിയില്‍ കട സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ജീവിതപ്രാരബ്ധവും തന്‍റെ ചികിത്സക്കും കൂടെ താമസിക്കുന്ന സഹോദരിയുടെ കാന്‍സര്‍ ചികിത്സക്കും മാസം തോറും ചെലവാകുന്ന വലിയ തുകയും കണക്കിലെടുത്ത് തിരൂരങ്ങാടി ഭാഗത്ത് കട ആരംഭിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് റാബിയ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
അന്തരിച്ച നാടകാചാര്യന്‍ പി കെ വേണുക്കുട്ടന്‍ നായരുടെ കുടുംബത്തിന് കെഎസ്എഫ്ഇയിലുള്ള വായ്പ തിരിച്ചടയ്ക്കാന്‍ നാല് ലക്ഷം രൂപ സഹായധനം അനുവദിക്കാന്‍ തീരുമാനിച്ചു. വേണുക്കുട്ടന്‍ നായരുടെ ഭാര്യ ആശ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കുണ്ടറ പെരിനാട് പഞ്ചായത്തില്‍ ഏപ്രില്‍ 9ന് ചുഴലിക്കാറ്റുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട വെള്ളിമണ്‍ വെസ്റ്റില്‍ സുനില്‍കുമാറിന്‍റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.
Comments
Post a Comment