വികസനകാര്യങ്ങളിൽ മാധ്യമങ്ങളുടെ പങ്ക് എത്രയാണ്
വികസനകാര്യങ്ങളിൽ നമ്മുടെ മാധ്യമങ്ങളുടെ പങ്ക് എത്രയാണ്? മാധ്യമം എന്നത് ഒരു വിവാദാധിഷ്ഠിതവ്യവസായം മാത്രമായാൽ മതിയോ-?
കഴിഞ്ഞ ദിവസം മാധ്യമ അവാർഡുകൾ വിതരണം ചെയ്തപ്പോൾ ഈ സന്ദേഹം ഉയർത്തിയിരുന്നു.
ഈ വിഷയത്തിൽ സജീവമായ ചർച്ച പൊതു സമൂഹത്തിൽ ഉയരേണ്ടതുണ്ട്. മാധ്യമ രംഗത്തുണ്ടായ അനാരോഗ്യകരമായ മത്സരമാണ് ഈ നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
വൈകുന്നേരങ്ങളിലെ ചര്‍ച്ചകള്‍ക്ക് വിഷയം ഉണ്ടാക്കുക എന്നത് റിപ്പോര്‍ട്ടര്‍മാരുടെ അധികജോലിയായി മാറിയിട്ടുണ്ട്. ഈ വിഷയം തര്‍ക്കസാധ്യതയും എരിവും പുളിയും ഒക്കെ ഉള്ളതാകണം എന്നാണു സങ്കല്‍പം. ഇത്തരം ചര്‍ച്ചകള്‍ സമൂഹത്തിന് എന്തു നല്‍കുന്നു എന്നത് മാധ്യമങ്ങളുടെ വിഷയമല്ല എന്നതാണ് ഇന്നത്തെ സ്ഥിതി. എന്നാൽ , സമൂഹം ഇത് തിരിച്ചറിയുന്നുണ്ട് എന്ന് മനസ്സിലാക്കണം.
സമൂഹത്തിന് എന്തെങ്കിലും വിവരമോ വിജ്ഞാനമോ ആശയവ്യക്തതയോ പ്രദാനം ചെയ്യാത്ത ചര്‍ച്ചകള്‍ കാണാൻ എന്തിനു നേരം പാഴാക്കണം എന്ന ചിന്ത പലരും പങ്കുവയ്ക്കുന്നുണ്ട്. ഈ തിരിച്ചറിവ് വ്യാപകമാകുന്നതോടെ ഈ ചര്‍ച്ചകള്‍ കാണാന്‍ ആളില്ലാത്ത സ്ഥിതിയാണുണ്ടാവുക. ആ പ്രവണതയ്ക്ക് ഇതിനകംതന്നെ തുടക്കമായിട്ടുണ്ടോ എന്നു പരിശോധിക്കുന്നതു നന്നായിരിക്കും.
സാമൂഹികപ്രസക്തമായ വിഷയങ്ങള്‍ തെരഞ്ഞെടുക്കുകയും ആ വിഷയങ്ങളില്‍ വൈദഗ്ദ്ധ്യമുള്ളവരുടെ പാനലുകള്‍ കണ്ടെത്തി ചര്‍ച്ച ചെയ്യുകയും ചെയ്താൽ ഗുണപരമായ മെച്ചമുണ്ടാകും. ചാനലുകൾ ആ വഴിക്കു കൂടി ചിന്തിക്കേണ്ടതുണ്ട് എന്ന് അഭ്യര്ത്ഥിക്കുന്നു.
അധികാര സ്ഥാനത്തുള്ളവരെ നിശിതമായി വിമർശിക്കുമ്പോൾ തന്നെ, മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾ കൈവിടാത്ത രീതിയാണ് വളർത്തിക്കൊണ്ടുവരേണ്ടത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങളിൽ നിന്ന് അതിനു നേർവിപരീതമായ അനുഭവമാണുണ്ടായത്. രാഷ്ട്രീയ പ്രവർത്തകർ പാലിക്കേണ്ട അതിരുകളെ കുറിച്ച് ഓർമ്മിപ്പിക്കേണ്ടവർ സ്വയം അതിരു വിടുന്നുണ്ടോ എന്ന ആത്മപരിശോധനയിൽ നിന്ന് വിട്ടു നിൽക്കരുത്.
Comments
Post a Comment