ഇടുക്കിയിലെ ഭൂപ്രശ്നങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട്
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളെ സംബന്ധിച്ച് ഗവണ്‍മെന്റിന് വ്യക്തമായ നിലപാടാണുള്ളത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയില്‍ തന്നെ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
"നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുകയും സര്‍ക്കാര്‍ ഭൂമി കയ്യേറുകയും ചെയ്തിട്ടുള്ള വന്‍കിട തോട്ടമുടമകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. അവരുടെ കൈവശമുള്ള അത്തരം ഭൂമി പൊതു ആവശ്യങ്ങള്‍ക്കും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തും."
"01.01.1977-നു മുമ്പുള്ള മുഴുവന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഭൂമിയില്‍ നാല് ഏക്കര്‍ വരെ ഉപാധിരഹിതമായി പട്ടം നല്‍കും. പട്ടയം ലഭിക്കാനുള്ള ഒരുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുവാനുള്ള നടപടി സമയബന്ധിതമായി സ്വീകരിക്കും. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിയും അനുബന്ധ രേഖകളും നല്‍കും."
ഈ നയത്തിനാണ് ജനങ്ങള്‍ വോട്ട് നല്‍കിയത്.
ഈ നയം പ്രാവര്‍ത്തികമാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ പ്രഥമ ഉത്തരവാദിത്വം. സമയബന്ധിതമായി ഇത് പൂര്‍ത്തീകരിക്കുകയും ഉപാധിരഹിതമായ പട്ടയം ഒരുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന ഉറപ്പ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
17.04.2017-ന് ദേവികുളത്ത് റവന്യൂ ജീവനക്കാര്‍, റവന്യൂ ഭൂമിയില്‍ കയ്യേറ്റം നടത്തുന്നത് ഒഴിപ്പിക്കുകയുണ്ടായി. ഈ നടപടി ശരി തന്നെയാണ്. ഭൂസംരക്ഷണ സേനയോടൊപ്പമാണ് കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ പോയത്. പോലീസിനെ അറിയിക്കാതെ അവിടേക്ക് പോയ നടപടി ശരിയായില്ല. അതുകൊണ്ടാണ് 21.04.2017 ന് ഉന്നതതല യോഗത്തില്‍ വെച്ച് റവന്യൂ-പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഏകോപനസംവിധാനമുണ്ടാക്കണമെന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ കൂട്ടായി ശ്രമിക്കണമെന്നും നിര്‍ദ്ദേശിച്ചത്.
പപ്പാത്തിചോലയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കയ്യേറിയ ഭൂമിയില്‍ ക്രിസ്ത്യന്‍ ജീസസ് സഭ കുരിശ് സ്ഥാപിച്ചു എന്നതിന്റെ പേരില്‍ അര്‍ദ്ധരാത്രി 1 മണിക്കാണ് 144 പ്രഖ്യാപിച്ചത്. പുലര്‍ച്ചെ കുരിശ് തകര്‍ക്കുകയും ചെയ്തു. പോലീസ് അറിയാതെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയമമനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കുവാന്‍ കളക്റ്റര്‍ക്ക് അധികാരമുണ്ടെങ്കിലും പോലീസുമായി കൂടിയാലോചന നടത്തി മാത്രമേ ഇത്തരം അധികാരം സാധാരണ നിലയില്‍ ഉപയോഗിക്കാറുള്ളൂ.
ഇടുക്കി ജില്ലയിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെ കാര്യമെടുത്താല്‍ പലതും പട്ടയമില്ലാത്ത ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് എന്ന പ്രശ്നം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യവും കൂട്ടായ അലോചനയുടെ ഭാഗമായി തീരുമാനമെടുത്ത് പോകേണ്ടതാണ്.
റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ഒഴിവാക്കണമെന്ന ഒരു തീരുമാനവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കഴിയുന്നതും സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനും ജനങ്ങളുടെ പിന്തുണയോടെ ഈ പ്രശ്നം പരിഹരിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും അതോടൊപ്പം, യഥാര്‍ത്ഥ ജനജീവിതത്തിന് തടസ്സപ്പെടാത്ത വിധത്തിലുള്ള കൈവശാവകാശ രേഖകളുടെ പരിശോധനയിലൂടെ പരമാവധിപേര്‍ക്ക് പട്ടയം നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. 10 സെന്റില്‍ താഴെ മാത്രം ഭൂമി കൈവശം വെച്ച് വീടും കൃഷിയുമായി കഴിയുന്നവരില്‍ മറ്റെവിടെയും ഭൂമിയില്ലാത്തവരെ സംരക്ഷിക്കുക തന്നെ ചെയ്യും. ലാന്‍ഡ് അസസ്സ്മെന്റ് ആക്റ്റില്‍ ഇതിനു വ്യവസ്ഥയുമുണ്ട്. ഒരു കാര്യം വ്യക്തമാണ് ഇടുക്കിയിലെ എല്ലാ വന്‍കിട കൈയ്യറ്റങ്ങളും യു.ഡി.എഫ്. ഭരണകാലത്താണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു കയ്യേറ്റവും നടക്കുന്നില്ല. കയ്യേറ്റത്തേയും കുടിയേറ്റത്തേയും രണ്ടായി കണ്ടുകൊണ്ടുള്ള നിലപാടാണ് സര്‍ക്കാരിനുള്ളത്.
ഒരു നാട് മുഴുവന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട ആവശ്യകതയാണ് ഇക്കാര്യത്തിലുള്ളത്. ജനങ്ങളുടെ പിന്തുണയോടെ അവിടെ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായാണ് രാഷ്ട്രീയ പാര്‍ടി നേതാക്കള്‍, മത-സാമുദായിക സംഘടനകളുടെ നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് ഒരു കൂട്ടായ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചത്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന നല്‍കുന്ന ജില്ലയാണ് ഇടുക്കി. തോട്ടം ഉല്‍പ്പന്നങ്ങളിലൂടെ നമുക്ക് വിദേശനാണ്യം നേടിത്തരുന്നതിലും ടൂറിസം രംഗത്തും വൈദ്യുതി ഉല്പാദന രംഗത്തും എല്ലാം വലിയസംഭാവന നല്‍കുന്ന ഈ ജില്ലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്.
ശ്രീ. എം.എം. മണി അവിടത്തെ പ്രശ്നങ്ങളെക്കുറിച്ച് നേരിട്ടറിവുള്ള വ്യക്തിയാണ്. ആ നാടിന്റെ ശൈലി അദ്ദേഹത്തിന്റെ സംസാരത്തില്‍ കടന്നുവരാറുണ്ട്. അത്തരം ചില സന്ദര്‍ഭങ്ങളെ പര്‍വ്വതീകരിച്ച് അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ശ്രമമാണ് നടക്കുന്നത്. എം.എം. മണിയുടെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന പ്രശ്നവും ഉയര്‍ന്നുവന്നിട്ടുണ്ട്. പെമ്പിളൈ ഒരുമൈ സമരം നാം നേരത്തെ വിലയിരുത്തിയതാണ്. തോട്ടം തൊഴിലാളികളുടെ ചില പ്രശ്നങ്ങളായിരുന്നു ഇതിനടിസ്ഥാനം. ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദത്തെ സംബന്ധിച്ച് എം.എം. മണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. ഈ പെമ്പിളൈ ഒരുമൈയുടെ പ്രസിഡന്റ് ഇപ്പോള്‍ നടത്തുന്ന രാഷ്ട്രീയപ്രേരിത സമരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നതും കാണേണ്ടതുണ്ട്.
ഈ ഗവണ്‍മെന്റിന്റെ കാലത്ത് അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുന്നത്. ആ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
Comments
Post a Comment